കൊഴുക്കട്ട

കൊഴുക്കട്ട അഞ്ചുതരം 

കൂട്ടുകളൊന്ന് മാറ്റിയാല്‍ വിവിധ സ്വാദില്‍ കൊഴുക്കട്ടകള്‍ റെഡി...


തേങ്ങ കൊഴുക്കട്ട|ˆ

തേങ്ങ (വലുത്) ഒന്നര കിലോ
ശര്‍ക്കര 450 ഗ്രാം
പച്ചരിപ്പൊടി നാലേകാല്‍ കപ്പ്

പരന്ന പാത്രത്തില്‍ കുറച്ച് വെള്ളം ഒഴിച്ച് ശര്‍ക്കര പൊടിച്ചിട്ട് തിളപ്പിച്ച് ഊറ്റിയെടുത്തു കരട് കളയുക. പരന്ന പാത്രത്തില്‍തന്നെ ശര്‍ക്കരവെള്ളം ഒഴിച്ച് തിളപ്പിച്ച് പാവാകുമ്പോള്‍ തേങ്ങ പൊടിയായി തിരുമ്മി അതിലിട്ട് ഒന്നര ടേബിള്‍സ്പൂണ്‍ നെയ്യും ഒഴിച്ച് ചുരുണ്ടുവരുന്നതുവരെ ഇളക്കി ഏലയ്ക്കാപൊടിയും ചേര്‍ത്തിളക്കി വാങ്ങിവെക്കുക. പച്ചരിപ്പൊടിയില്‍ ഉപ്പു ചേര്‍ത്തിളക്കി തിളയ്ക്കുന്ന വെള്ളം ഒഴിച്ച് ഇടിയപ്പത്തിന് മാവു കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. ശര്‍ക്കരക്കൂട്ട് ഇളക്കിയതു ആറിയ ശേഷം കൈയില്‍ നെയ്യ് തൊട്ട് ചെറിയ ഉരുളകള്‍ ഉരുട്ടി വെക്കുക. കുഴച്ചുവെച്ചിരിക്കുന്ന മാവ് കുറേശ്ശെയായി എടുത്തു കൈയില്‍ എണ്ണ തൊട്ടുപരത്തി അതിനകത്തു ഉരുളകള്‍ വെച്ചു പൊതിഞ്ഞ് ഇഡ്ഡലിപാത്രത്തില്‍ തട്ടില്‍വെച്ച് ആവിയില്‍ പുഴുങ്ങി എടുക്കുക.

ചെറുപയര്‍ കൊഴുക്കട്ട

ചെറുപയര്‍ 250 ഗ്രാം
തേങ്ങ അര മുറി
ശര്‍ക്കര 375 ഗ്രാം
പച്ചരിപ്പൊടി മൂന്നു കപ്പ്

തേങ്ങ കൊഴുക്കട്ടയ്ക്ക് മാവ് തയ്യാറാക്കിയതുപോലെതന്നെ മാവുണ്ടാക്കുക. ചെറുപയര്‍ വറുത്തു വേവിച്ച് വെള്ളം വാര്‍ത്തുവെക്കുക. ചൂട് ആറിയശേഷം അരകല്ലില്‍ ഇട്ട് പൊടിച്ചെടുക്കുക. ശര്‍ക്കര പാവാക്കി ഒരു നുള്ള് ഉപ്പും ചെറുപയര്‍ പൊടിച്ചതും ഏലയ്ക്കാപൊടിയും ചേര്‍ത്ത് ഉരുട്ടാന്‍ പാകത്തില്‍ ഇളക്കി വാങ്ങിവെക്കുക. തേങ്ങ ചെറുതായി അരിഞ്ഞ് നെയ്യൊഴിച്ച് വറുത്ത് ചേര്‍ത്തിളക്കി ആറിയ ശേഷം ഉരുട്ടിവെക്കുക. അരിമാവ് കുറേശ്ശെയായി എടുത്ത് കൈയില്‍ എണ്ണതൊട്ട് പരത്തി അതിനകത്ത് ഉരുളകള്‍ വെച്ചു പൊതിഞ്ഞ് ഇഡ്ഡലിപാത്രത്തില്‍ കൊഴുക്കട്ടകള്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കാം.

കടലപ്പരിപ്പ് കൊഴുക്കട്ട

കടലപ്പരിപ്പ് 200 ഗ്രാം
ശര്‍ക്കര 350 ഗ്രാം
തേങ്ങ അര മുറി
പച്ചരിപ്പൊടി മൂന്നു കപ്പ്

പച്ചരിപ്പൊടി ഉപ്പു ചേര്‍ത്ത് തിളയ്ക്കുന്ന വെള്ളം ഒഴിച്ച് മാവു തയ്യാറാക്കുക. കടലപ്പരിപ്പ് വേവിച്ച് വെള്ളം വാര്‍ത്ത് അരച്ചെടുക്കുക. തേങ്ങ തിരുമ്മി വെക്കുക. ശര്‍ക്കര മാവില്‍ തിരുമ്മിയ തേങ്ങ, കടലപരിപ്പ് അരച്ചത്, ഏലയ്ക്കാപൊടി എന്നിവ ചേര്‍ത്ത് ഉരുട്ടത്തക്കവണ്ണം വാങ്ങുക. ആറിയശേഷം നെയ്യ് തൊട്ട് ഉരുളകള്‍ ഉരുട്ടിവെക്കുക. അരിമാവ് കൊണ്ട് പൊതിഞ്ഞ് ചെറുപയര്‍ കൊഴുക്കട്ട തയ്യാറാക്കിയതുപോലെ തയ്യാറാക്കുക.

എള്ള് കൊഴുക്കട്ട
ˆ
എള്ള് 150 ഗ്രാം
ശര്‍ക്കര 225 ഗ്രാം
തേങ്ങ ഒരു മുറി
പച്ചരിപ്പൊടി ആവശ്യത്തിന്

എള്ള് കഴുകി വൃത്തിയാക്കി വെള്ളം വാര്‍ത്തു വറുത്തു പൊടിക്കുക. തേങ്ങ തിരുമ്മി പൊടിയുപ്പും എള്ളുപൊടിയും ശര്‍ക്കരപ്പാവില്‍ ചേര്‍ത്തിളക്കി വാങ്ങിവെച്ച് ഉരുട്ടുക. അരിമാവ്‌കൊണ്ട് പൊതിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കുക.

പിടി കൊഴുക്കട്ട
ˆ
പച്ചരി ഒന്നേകാല്‍ കപ്പ്
ശര്‍ക്കര (പൊടിച്ചത്) ഒരു കപ്പ്
തേങ്ങ ഒരു മുറി

പച്ചരി കഴുകി വെള്ളം തോര്‍ത്ത് വറുത്തെടുക്കുക. ആറിയശേഷം റവയായി പൊടിച്ചെടുക്കുക. ശര്‍ക്കരപ്പാവില്‍ അരിറവ ഇട്ട് ഇളക്കുക. തേങ്ങ തിരുമ്മി അതില്‍ ചേര്‍ത്തു ഇളക്കി വാങ്ങിവെച്ച് ആറിയശേഷം ഉരുളകളായി പിടിച്ച് ഇഡ്ഡലിപാത്രത്തില്‍ വെച്ച് ആവിയില്‍ വേവിച്ചെടുക്കുക.

No comments:

Post a Comment

Please comment..